സഹകരണ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് വടക്കെ മലബാറിന്‍റെ മലയോര ഗ്രാമങ്ങളായ ന്യൂ നടുവില്‍, വെള്ളാട് എന്നീ വില്ലേജുകളിലെ നിവാസികള്‍ക്ക് ആശ്വസമായ നടുവില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അതിന്‍റെ സേവനചരിത്രത്തിലെ അരനൂറ്റാണ്ട് പിന്നിടുകയാണ്. അമ്പത് സംവത്സരങ്ങള്‍ പൂര്‍ത്തിയായ ഈ സ്ഥാപനത്തിന് ഈ മേഖലയിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സാധാരണ ജനവിഭാഗത്തിന് അവരുടെ സാമ്പത്തികമായ ആവശ്യങ്ങള്‍ക്ക് താങ്ങുംതണലുമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്. ബാങ്കിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ സന്ദര്‍ഭം നമുക്കെല്ലാം ഏറെ അഭിമാനവും ആനന്ദവും സന്തോഷവും പകരുന്നതാണ്.
ഒരു സഹകരണ സ്ഥാപനത്തിന്‍റെ ആരംഭം, വളര്‍ച്ച, പരിപോഷണം, നിലനില്‍പ്പ് അതിന്‍റെ ഉല്‍കൃഷ്ടത എന്നിവ ആ സ്ഥാപനത്തിന്‍റെ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സഹകാരികള്‍, ഭരണസമിതികള്‍, ജീവനക്കാര്‍ എന്നീ ഘടകങ്ങളുടെ കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമെ സാധിക്കുകയുള്ളൂ എന്ന തത്വം അന്വര്‍ത്ഥമാക്കിയ ഒരു സാമ്പത്തിക സ്ഥാപനമാണ് നടുവില്‍ സര്‍വ്വീസ് സഹകരണ ബേങ്ക്.
1956-ല്‍ നടുവില്‍ വില്ലേജ് പ്രവര്‍ത്തനപരിധി കേന്ദ്രീകരിച്ചുകൊണ്ട് ഈ പ്രദേശത്തെ 25 കര്‍ഷക സഹകാരികളുടെ കൂട്ടായ്മയില്‍ നിന്നാണ് നടുവില്‍ വിവിധോദ്ദേശ ഐക്യനാണയ സംഘം ഉടലെടുത്തത്. പുരോഗതിയുടെ ചരിത്രത്തില്‍ 1962-ല്‍ നടുവില്‍ സര്‍വ്വീസ് സഹകരണ സംഘമായും 1970-ല്‍ സര്‍വ്വീസ് സഹകരണ ബാങ്കായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ തന്നെ അപൂര്‍വ്വം څക്ലാസ്സ് വണ്‍چ ബാങ്കുകളില്‍ ഒന്നായി മലയോര മേഖലയില്‍ ഏറ്റവും പ്രശസ്തമായ രീതിയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുകയാണ്. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ 12000-ല്‍ അധികം മെമ്പര്‍മാരും 52 ലക്ഷത്തിലധികം ഓഹരി മൂലധനവും 17 കോടിയിലധികം നിക്ഷേപവുമുള്ള ഒരു മഹല്‍ പ്രസ്ഥാനമായി ബാങ്ക് വളര്‍ന്നിരിക്കുന്നു. അംഗങ്ങളുടെ വായ്പ 20 കോടിയിലധികമാണ്. ഈ രീതിയിലേക്ക് ഈ സ്ഥാപനം ഉയരാന്‍ സാധിച്ചതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. ബാങ്കിംഗ് രംഗത്ത് തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ സ്ഥാപനം ഈ മേഖലയിലെ എല്ലാതലത്തിലുമുള്ള ജനങ്ങള്‍ക്കും ഒരാശ്രയ കേന്ദ്രമാണ്. സമൂഹത്തിലെ ദരിദ്രജനവിഭാഗത്തിന് താങ്ങും തണലുമായി പ്രവര്‍ത്തിക്കുവാന്‍ ഈ കാലയളവില്‍ സാധിച്ചു എന്നതാണ് ഈ ബാങ്കിന്‍റെ പ്രധാനനേട്ടം. പ്രാദേശികമായ പ്രത്യേകതകള്‍ പരിഗണിച്ച് കാലാനുസൃതമായ പദ്ധതികള്‍ മുഖേന കാര്‍ഷിക രംഗത്തും കാര്‍ഷികേതര രംഗത്തും നൂതനമായ വായ്പ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടുണ്ട്.
ന്യൂ നടുവില്‍, വെള്ളാട് എന്നീ വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന നമ്മുടെ പ്രവര്‍ത്തന പരിധിയില്‍ ജനങ്ങളുടെ സൗകര്യത്തിനായി നടുവില്‍ മെയിന്‍ ബ്രാഞ്ചുകള്‍ക്കു പുറമെ കരുവന്‍ചാല്‍, മണക്കടവ്, പുലിക്കുരുമ്പ എന്നീ സ്ഥലങ്ങളില്‍ ബ്രാഞ്ചുകളും നടുവില്‍, കരുവന്‍ചാല്‍ എന്നീ സ്ഥലങ്ങളില്‍ ഈവനിംഗ് ബ്രാഞ്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം പരമാവധി വേഗത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ആധുനിക ബാങ്കിംഗ് സൗകര്യം ഘട്ടംഘട്ടമായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. നടുവില്‍ മെയിന്‍ ബ്രാഞ്ചിലും, നടുവില്‍, കരുവന്‍ചാല്‍ ഈവനിംഗ് ബ്രാഞ്ചുകളിലും കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. ബാങ്കിന്‍രെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി ആരംഭം മുതല്‍ നേതൃത്വം നല്‍കിയ മുന്‍ഗാമികളെയും സഹകാരികളെയും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരെയും നന്ദിയോടെ സ്മരിക്കുന്നു. നമ്മുടെ മുന്‍ഗാമികള്‍ ഒരുക്കി തന്നെ രാജപാതയിലൂടെ സഞ്ചരിച്ച് ഈ സ്ഥാപനത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി നമുക്ക് കൂടുതല്‍ ഊര്‍ജ്ജം സംഭരിച്ച് മുന്നോട്ട് ഗമിക്കാം. ഈ സ്മരണിക മനോഹരമാക്കാന്‍ ശ്രമിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഈ ഉപഹാരം അതിയായ സന്തോഷത്തോടെയും വിനയത്തോടെയും നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കട്ടെ.